ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം നടക്കുന്നു . നാലു ദിവസത്തെ വിദേശപര്യടനം കഴിഞ്ഞ് മോദി തിരികെ ഇന്ത്യയിലെത്തി. കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദമായ വിവരണം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിക്കും.ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.അതേ സമയം അടുത്ത ആഴ്ച്ച നടക്കേണ്ട ഇന്തോ -അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഡയലോഗില്‍ പങ്കെടുക്കാന്‍ യു .എസ്സിലേക്ക് പോകാനിരുന്ന കേ ന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് തന്‍റെ യു.എസ് സന്ദര്‍ശനം റദ്ദാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ആഫ്രിക്കന്‍ പര്യടനത്തിലായതിനാല്‍ വിഷയത്തില്‍ നേരിട്ട് യോഗം വിളിച്ചിരുന്നില്ല.


ബുര്‍ഹാന്‍ വാനി സൈനികനടപടിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കശ്മീരില്‍ ഇപ്പോഴും തുടരുകയാണ്. നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 30 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ദക്ഷിണ കശ്മീരിലാണ് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്.സുരക്ഷാസേനയും ഇന്റലിജന്‍സും ചേര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അനന്ത്‌നാഗില്‍ നടത്തിയ സൈനിക നടപടിയിക്കിടെയാണ് ബുര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടത്.


വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷങ്ങള്‍ മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം ഒമ്പതുപേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 30 ആയി.മുന്നൂറിലധികം പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. സോപോറിലെ പൊലീസ് സ്റ്റേഷനും പുല്‍വാമയിലെ വ്യോമസേനയുടെ വിമാനത്താവളത്തിനും നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 800 സി.ആര്‍.പി.എഫ് ഭടന്മാരെ കൂടുതലായി കശ്മീരിലേക്കയച്ചു. നേരത്തേ സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ 1200 ഭടന്മാരെ നല്‍കിയിരുന്നു.


അതേ സമയം .കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു