ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിക്കാന്‍ വെറും 10 ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ്‌ പാര്‍ട്ടി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്താണ് പത്രിക തയ്യാറാക്കിയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി, മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, എ.കെ ആന്‍റണി, കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 


ജനപ്രിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനാണ് പ്രകടന പത്രികയില്‍ പരിഗണന. 5 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും 22 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തുമെന്നും പ്രകടന പത്രികയിലുണ്ട്. 


സാമ്പത്തികഭദ്രതയും രാജ്യക്ഷേമവുമാണ് പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പ്രധാനപ്രശ്‌നങ്ങള്‍ പ്രചാരണമുഖ്യധാരയില്‍ എത്തിക്കുമെന്നും തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളെന്നും പ്രകടനപത്രികയില്‍ പറയുന്നു. 


മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള പ്രത്യേക വികസന പദ്ധതി, ജി.എസ്.ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ങിയവയും പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. പ്രകടനപത്രിക സത്യസന്ധമാണെന്നും ജനങ്ങളുടെ ശബ്ദമാണ് ഇതില്‍ നിഴലിക്കുന്നതെന്നും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 


ഉല്‍പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് പത്രിക പുറത്തിക്കിയ ശേഷം ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും 7.70 കോടി ജോലിയാണ് മോദി സര്‍ക്കാരിനു കീഴില്‍ നഷ്ടപ്പെട്ടതെന്നും പി. ചിദംബരം പറഞ്ഞു. 


പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുന്നോടിയായി ലക്ഷ്യങ്ങള്‍ അക്കമിട്ടു നിരത്തിയുള്ള വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കി.