Covid: കോവിഡ് വ്യാപനം; അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളും പ്രതിരോധ മാർഗങ്ങളും പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ അവലോകനയോഗം
Covid cases in India: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാനങ്ങളിൽ അവലോകന യോഗം ചേരുന്നത്.
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനങ്ങളിൽ അവലോകന യോഗം ചേരും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാനങ്ങളിൽ അവലോകന യോഗം ചേരുന്നത്.
ജില്ലാ തലത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യും. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ നിരക്ക്, മറ്റ് പ്രതിരോധ മാർഗങ്ങൾ എന്നിവ വിലയിരുത്തും. ഏപ്രിൽ എട്ട്, ഒമ്പത് തിയതികളിൽ ജില്ലാ ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും ആരോഗ്യ വകുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാനും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ 900 കടന്നു. ഡൽഹിയിൽ 733 പേർക്കാണ് ഒറ്റദിവസം തന്നെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനേജ്മെന്റിന് സജ്ജരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചിരുന്നു.
ഇന്ത്യയിൽ 6,050 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളും (ഐഎൽഐ) ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (എസ്എആർഐ) കേസുകളും നിരീക്ഷിച്ചുകൊണ്ട് എമർജൻസി ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാൻ കേന്ദ്ര ആരോഗ്യമന്ത്രി നിർദേശം നൽകി. കോവിഡ് പരിശോധനകളും വാക്സിനേഷനും വർധിപ്പിക്കാനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
വെർച്വൽ മീറ്റിംഗിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരും പ്രിൻസിപ്പൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാരും പങ്കെടുത്തു. ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ 28,303 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമാണ്. പോസിറ്റീവ് സാമ്പിളുകളുടെ ജീനോം സീക്വൻസിങ് വർധിപ്പിക്കുന്നതിനൊപ്പം കോവിഡിനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കേന്ദ്ര ആരോഗ്യമന്ത്രി നിർദേശം നൽകി.
ഏപ്രിൽ 10, 11 തീയതികളിൽ എല്ലാ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടേയും മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...