കൊല്‍ക്കത്ത: ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ മരിച്ചവരുടെ എണ്ണം പത്തായി. വലിയ മുന്നൊരുക്കങ്ങളാണ് പശ്ചിമബംഗാളിലും ഫോനിയെ നേരിടാനായി ഒരുക്കിയിട്ടുള്ളത്. കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 


പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു.


പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാൻ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്.


വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. ക്ഷേത്ര നഗരമായ പുരിയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞാണ് ഫോനി ചുഴലിക്കാറ്റ് കടന്നു പോയത്. കാറ്റിലും മഴയിലും കെട്ടിടങ്ങള്‍ മറിഞ്ഞു വീണു, മരങ്ങള്‍ കടപുഴകി വീണു. 


ഫോനി നാശം വിതച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ ഭൂരിഭാഗം മേഖലകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി. നഷ്ടങ്ങളുടെ പൂര്‍ണ ചിത്രം കിട്ടാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് സൂചന.


20 വര്‍ഷത്തിനിടയില്‍ ഇന്ത്യയിൽ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ശനിയാഴ്ചയോടെ ബംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.