മുംബൈ: മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേയ്ക്ക്‌  അടുക്കുന്ന നിസർഗ  ഉടന്‍ തീവ്രത പ്രാപിക്കുമെന്ന് മുന്നറിയിപ്പ്  


COMMERCIAL BREAK
SCROLL TO CONTINUE READING

120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്ര തീരവും ഇതോട് ചേര്‍ന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്.  കടല്‍ ഒരു കിലോമീറ്റ‌ര്‍ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്. 


ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ്‌ ജില്ലയിലെ അലിബാഗിനുസമീപം കരയിൽത്തൊടുന്ന ചുഴലിക്കാറ്റ്  മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു വഴിയൊരുക്കും. മഹാരാഷ്ട്ര, ഗുജറാത്ത്  സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ഇതിനോടകം നല്‍കിയിട്ടുണ്ട്.  


തീരമേഖലയില്‍ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ശ്രമം പുലര്‍ച്ചെ വരെ നീണ്ടു. ഇതുവരെ ഒരു ലക്ഷത്തോളം ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചത്‌. മുംബൈയില്‍   നിരോധനാജ്ഞ പുറപ്പെടുവിച്ചു.   ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. 


തീര ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. മുംബൈ,താനെ,പാല്‍ഖര്‍, റായ്ഗഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 


അതേസമയം,  മുംബൈയില്‍ നിന്നുള്ള 17 വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി.


Also read: 'നിസര്‍ഗ' ഇന്ന് അതിതീവ്ര ചുഴലിക്കാറ്റാകു൦


കോവിഡിനെ പ്രതിരോധിക്കാന്‍ പാടുപെടുന്നതിനിടെ മുംബൈ നഗരം ഒരു പ്രകൃതി ദുരന്തത്തെക്കൂടി ഭയക്കുകയാണ്.  2005 ലെ മുംബൈ വെള്ളപ്പൊക്കത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് പ്രവചനങ്ങളിലുള്ളത്. അടുത്ത 24 മണിക്കൂറില്‍ 20 സെന്‍റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.