ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന നഗരിയില്‍ വായു മലിനീകരണത്തിന്‍റെ തോത് മാറ്റമില്ലാതെ തുടരുന്നു. രാവിലെ കാണപ്പെട്ട കടുത്ത പുക മലിനീകരണം വാഹനഗതാഗതത്തെയും സാരമായി തടസ്സപ്പെടുത്തിയിരുന്നു. ഇത് ട്രെയിന്‍ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 41 ട്രെയിനുകളാണ് വൈകി ഓടുന്നത്. കൂടാതെ 10 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തലസ്ഥാനത്തെ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയ സാഹചര്യത്തില്‍ ഞായറാഴ്ചവരെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍കള്‍ക്ക് അസംബ്ലിയടക്കം ക്ലാസ് റൂമുകള്‍ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഇന്നു രാവിലെ രേഖപ്പെടുത്തിയ വായു നിലവാര സൂചിക അനുസരിച്ച് പഞ്ചാബി ബാഗ് 799, ദ്വാരക 388, ഷാദിപൂര്‍ 362 ആനന്ദ്‌ വിഹാര്‍ 515 എന്നിങ്ങനെയാണ്.  


മലിനീകരണത്തിന്‍റെ മുഖ്യ കാരണമായി പറയുന്നത് പഞ്ചാബ്‌ ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പുക നിറഞ്ഞ കാറ്റാണ്. കൊയ്ത്തുകാലത്തിനു ശേഷം അടുത്ത കൃഷിയിറക്കുന്നതിനുമുന്‍പ് കൃഷിയിടത്തെ അവശേഷിച്ച വൈക്കോല്‍ കത്തിക്കുന്ന പതിവ് ഇവിടങ്ങളില്‍ സാധാരണമാണ്. തലസ്ഥാനത്തെ ഈ കാലയളവിലെ മലിനീകരണത്തിന്‍റെ മുഖ്യ കാരണം ഇതാണ്. നാസയില്‍നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഇതിന് വ്യക്തമായ തെളിവാണ്. കൂടാതെ ദീപാവലി ആഘോഷം കൂടി ഒരു മുഖ്യ പങ്കു വഹിച്ചു. കൂടാതെ തലസ്ഥാന നഗരി പുക മലിനീകരണത്താല്‍ കഷ്ടപ്പെടുമ്പോള്‍ ഹരിയാനയില്‍ ഇപ്പോഴും വയലുകള്‍ കത്തിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 


തലസ്ഥാനത്തെ പുക മലിനീകരണത്തിന്‍റെ മുഖ്യ കാരണക്കാര്‍ നാല് അയല്‍ സംസ്ഥാനങ്ങളാണെന്ന് നേരത്തെതന്നെ ട്രിബ്യൂണല്‍ ചൂണ്ടികാട്ടിയിരുന്നു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അവ. 


വായുവിന്‍റെ നിലവാരം ക്വാളിറ്റി ഇന്‍ഡെക്‌സ് (എ.ക്യു.ഐ.) 0-50 'നല്ലത്', 51-100 'തൃപ്തികരം'  101-200 'മിതത്വം' 201-300 'മോശം' 301-400 'വളരെ മോശം'  401 ന് മുകളില്‍ 'കഠിനം' എന്നിങ്ങനെയാണ് വേര്‍തിരിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനയുടെ സുരക്ഷിത നിലയില്‍നിന്നും 30 മടങ്ങ്‌ മുകളിലാണ് ഇപ്പോഴത്തെ മലിനീകരണ തോത്. എ.ക്യു.ഐ. പി.എം 2.5 എത്തിയാല്‍ അത് ആരോഗ്യമുള്ളവരെ പോലും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.