മുംബൈ: ഇസ്‌ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്‍റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ നിരോധനം തുടരും. നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഐ.ആര്‍.എഫ് നല്‍കിയ ഹരജി കോടതി തള്ളുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നായികിന്‍റെ സംഘടന നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. നായിക്കിനും ഐആര്‍എഫിനും എതിരെ ശക്തമായ കേസുകളാണ് നിലനില്‍ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ നിരോധനം വന്നു കഴിഞ്ഞാല്‍ സംഘടനയുടെ പേരില്‍ നായിക്കിന് പ്രസംഗങ്ങള്‍ നടത്താനോ ഫണ്ടുകള്‍ സ്വീകരിക്കാനോ സാധിക്കില്ല.


വിദേശത്തു നിന്ന് അനധികൃതമായി പണം സ്വീകരിക്കുന്നുണ്ടെന്ന് കാണിച്ചാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സാകിര്‍ നായികിനെതിരേ ബംഗ്ലാദേശിലെ ഒരു പത്രം വാര്‍ത്ത നല്‍കിയതോടെയാണ് കേന്ദസര്‍ക്കാര്‍ സാകിര്‍ നായികിനെതിരേയും അദ്ദേഹത്തിന്‍റെ സംഘടനയേയും നിരോധിക്കാനുള്ള നീക്കം ശക്തമാക്കിയത്. എന്നാല്‍ വാര്‍ത്ത നല്‍കിയതില്‍ തെറ്റുപറ്റിയതാണെന്നു പറഞ്ഞ് പത്രം പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.


2016 നവംബര്‍ 17നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനം നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 19ന് സംഘടനയുടെ ഓഫീസുകളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.