ന്യൂഡെല്‍ഹി:പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില്‍  ഒരു പോലീസുകാരനുള്‍പ്പെടെ 13 പേരാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 70ല്‍ അധികം പേര്‍ക്ക് പരിക്കു പറ്റിയത് വെടിയേറ്റതുമൂലമാണെന്നാണ് റിപ്പോര്‍ട്ട്‌.ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീവെക്കുകയും ചെയ്തു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരും അക്രമത്തിനിരയായി.


വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരിഖാസ്, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്,. മൗജ്പുര്‍, കര്‍ദംപുരി,ഗോകുല്‍പുരി, ബ്രഹ്മപുരി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.


ഡൽഹിയിലെ സ്കൂളുകൾക്കു നാളെയും അവധിയായിരിക്കും.ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.



സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്,അക്രമികളെ കണ്ടാല്‍ ഉടനെ വെടിവെയ്ക്കുന്നതിന് പോലീസ് ഉത്തരവിട്ടിട്ടുണ്ട്.