ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി4500ല്‍ നിന്നും 2000മാക്കി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രിംകോടതി. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്ക് ദുരിതമുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തിന് നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നോട്ടുകള്‍ അച്ചടിച്ചിറക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം, നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹർജികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്‍റെ ആവശ്യം അംഗീകരിച്ചില്ല. പെട്ടെന്നുള്ള സർക്കാർ പ്രഖ്യാപനം പൊതുജനങ്ങൾക്ക് ഉപദ്രവമായി തീർന്നുവെന്നാണു ഹർജികൾ പറയുന്നത്.


നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് വിവിധ കോടതികളിലിലുള്ള കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.


അതേസമയം, വിഷയത്തില്‍ കേന്ദസര്‍ക്കാരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയും രൂക്ഷവിമര്‍ശനമാണ് നടത്തിയത്. സര്‍ക്കാരിന് മുന്നൊരുക്കമൊന്നുമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. അടിക്കടി നിലപാട് മാറ്റുന്നത് ഗൃഹപാഠം ഇല്ലാത്തതിന്‍റെ തെളിവാണെന്നും കോടതി ആരോപിച്ചു.