ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടന്ന അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കു കൈമാറി.  ബലാത്സംഗക്കേസില്‍ പ്രതിയായ ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ വിധിപ്രഖ്യാപന വേളയിലും ശിക്ഷ പ്രഖ്യാപിച്ചപ്പോഴും വന്‍തോതിലുള്ള അതിക്രമങ്ങളായിരുന്നു പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും നടന്നത്. അക്രമങ്ങളില്‍ 32 ആളുകളാണ് കൊല്ലപ്പെട്ടത്. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വസ്തുവകകളും തകര്‍ക്കപ്പെട്ടിരുന്നു.


ഗുര്‍മീതിന്‍റെ കേസുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചണ്ഡീഗഢ് കോടതി രൂക്ഷമായി വിമര്‍ശനമാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാക്കുവാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നാണ് ഖട്ടറിന്‍റെ വാദം. സര്‍ക്കാര്‍ അക്രമം അടിച്ചമര്‍ത്താന്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.  ന്യൂഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു ഖട്ടാര്‍. പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമെന്നും എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.