ന്യൂഡല്‍ഹി: പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ഉപവാസ  സമരത്തിന്‌ മുന്‍പേ ബിജെപി എംപിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറ നിരീക്ഷണങ്ങള്‍ വരുന്നയിടങ്ങളിലോ ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് അതില്‍ ഏറ്റവും പ്രധാനം. സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുതെന്നും ഒരു തരത്തിലുള്ള ചീത്തപ്പേര് ഉണ്ടാക്കരുതെന്നും ബിജെപി എംപി മീനാക്ഷി ലേഖി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.


കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടുമുന്‍പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ നാണക്കേടിലാക്കുകയും നേതാക്കളെ വേദിയില്‍ നിന്ന്‍ ഇറക്കിവിടേണ്ട അവസ്ഥയുമുണ്ടാക്കിയിരുന്നു.


രാജ്യവ്യാപകമായി നടക്കുന്ന ഉപവാസ സമരത്തില്‍ ബിജെപിയുടെ എല്ലാ എംപിമാരും നേതാക്കളും പങ്കെടുക്കും. കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ യാതൊരു അവസരങ്ങളും നല്‍കരുതെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.