ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചിദംബരത്തെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം കേസില്‍ പ്രതിയാണ്. കാര്‍ത്തി ചിദംബരത്തെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ചിദംബരത്തിനൊപ്പം ഡി.കെ.ശിവകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും.


കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലുള്ള കേസില്‍ മൊഴി രേഖപ്പെടുത്താനാണ് കാര്‍ത്തിയെ ഇന്നലെ വിളിച്ചു വരുത്തിയതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച പകല്‍ 11ന് കാര്‍ത്തിയെ മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.


യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച് അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. 


ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി സ്വീകരിച്ചു.


ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടിയത്. മകന്‍ കാര്‍ത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്നാണ് സിബിഐ പറയുന്നത്. 


ചിദംബരത്തിന്റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. ഡല്‍ഹിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടുവെന്നും സിബിഐ പറയുന്നു. 


കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനിക്ക് ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികള്‍ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്‌സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തതോടെയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.