COMMERCIAL BREAK
SCROLL TO CONTINUE READING

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്ക് നടക്കുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി രംഗത്ത്‌... 


പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതിന് ഇന്ത്യയിലെ മുസ്ലീങ്ങളോട് സര്‍ക്കാര്‍ പകരം ചോദിക്കുകയാണ് എന്ന് മായാവതി ആരോപിച്ചു.


കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ തീരുവെന്നും, രാജ്യം നേരിടാന്‍ പോകുന്നത് ഗുരുതര പ്രത്യാഘാതമാണെന്നും അവര്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഇത്തരമൊരു നിയമത്തില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുകയാണെന്നും, അല്ലാത്ത പക്ഷം ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തുണ്ടായ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുമെന്നും മായാവതി പറഞ്ഞു.


സ്വന്തം സ്വാര്‍ത്ഥതയ്ക്കായി സര്‍ക്കാര്‍ ഒരു പ്രത്യേക വിഭാഗത്തെ അവഗണിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുകയാണ് എന്ന് നിയമം വ്യക്തമാക്കുന്നുവെന്ന് അവര്‍ പറഞ്ഞു. പുതിയ നിയമത്തിൽ മുസ്ലീം സമൂഹം പൂർണ്ണമായും അവഗണിക്കപ്പെട്ടു. ഇത് ഭിന്നിപ്പാണ്. ബഹുജന്‍ സമാജ് പാര്‍ട്ടി ഈ നിയമം ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണെന്ന് കരുതുന്നു, മായാവതി പറഞ്ഞു. 


പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതിന് ഇന്ത്യയിലെ മുസ്ലീങ്ങളോട് സര്‍ക്കാര്‍ പകരം ചോദിക്കുകയാണ്. ഇത് തീര്‍ച്ചയായും മനുഷ്വത്വ രഹിതമായ പ്രവൃത്തിയാണ്‌. ഇന്ത്യയുടെ അന്തസ്സ് കുറയാൻ സുപ്രീംകോടതി അനുവദിക്കില്ല. രാജ്യത്തെ സര്‍വ്വകലാശാലകള്‍ പ്രതിഷേധത്തിന്‍റെ പിടിയിലായി. ഇന്ത്യയെ വിഭജിക്കുന്ന ഈ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു, മായാവതി പറഞ്ഞു.  


ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം സൗഹാര്‍ദ്ദത്തോടെയാണ് കഴിയുന്നത്‌. ഈ നിയമത്തിന്‍റെ മറവിൽ ഒരു പ്രത്യേക സമൂഹത്തോട് അനീതി ചെയ്യുന്നത് തികച്ചും തെറ്റാണ്. ഇപ്പോൾ ഈ നിയമത്തെ എതിർക്കുന്നവരെ പോലീസ് ഉപദ്രവിക്കുകയാണ്. ജാമിയയിൽ, കാമ്പസിൽ പ്രവേശിച്ച് പോലീസ് ചെയ്ത അതിക്രമങ്ങളെ എല്ലാവരും  വിമര്‍ശിക്കുകയാണ്, അവര്‍ പറഞ്ഞു.


ഈ നിയമം സുപ്രീംകോടതിയില്‍ ചോദ്യപ്പെടേണ്ടത് തന്നെയാണ് എന്നും മായാവതി പറഞ്ഞു. ഈ നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും അക്രമ സംഭവങ്ങൾ നടക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷം  സമയം തേടിയിരിയ്ക്കുകയാണ്. 


കൂടാതെ, യുപി നിയമസഭയുടെ ശീതകാല സമ്മേളനം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഈ വിഷയം നിയമസഭയിലും ഉന്നയിക്കും. സക്കാര്‍ നിയമം പിൻവലിച്ചാൽ അത് രാജ്യ താത്പര്യത്തിന് അനുകൂലമായിരിക്കുമെന്നും അവര്‍ പറഞ്ഞു.