ന്യൂഡല്‍ഹി:  ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍  20 സൈനികര്‍ക്ക്  ജീവന്‍ നഷ്ടമായ സംഭവത്തില്‍  കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം...


COMMERCIAL BREAK
SCROLL TO CONTINUE READING

"എങ്ങനെയാണ് ചൈന നമ്മുടെ ഭൂപ്രദേശം കയ്യടക്കിയത്? എങ്ങനെയാണ് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്? അവിടത്തെ ഇപ്പോഴത്തെ സാഹചര്യം എന്താണ്? ഈ സംഭവത്തെ ചൊല്ലി ഇന്ന് രാജ്യത്തുള്ള രോഷം മനസ്സിലാക്കി പ്രധാനമന്ത്രി മുന്നോട്ടു വരണം. രാജ്യത്തോട് സത്യം പറയണം", സോണിയ പറഞ്ഞു.


എത്ര സൈനികര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും എത്ര പേരെ കാണാതായിട്ടുണ്ടെന്നും മോദി രാജ്യത്തോട് പറയണമെന്നും സോണിയ ആവശ്യപ്പെട്ടു. 


ഈ പ്രതിസന്ധി  ഘട്ടത്തില്‍ കോണ്‍ഗ്രസ്  സൈന്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.  കേന്ദ്രസര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും എന്നാല്‍ വസ്തുതകള്‍ മറച്ചുവെക്കുന്നതെന്തിനാണെന്നും സോണിയ ചോദിച്ചു. 


നേരത്തെ രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.  എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിയണമെന്നും നമ്മുടെ സൈനികരെ വധിക്കാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.


തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു  വരിച്ചത്‌.  ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.  3 പേരുടെ മരണം സൈന്യം ചൊവ്വാഴ്ച  ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. 


സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും  ചൈന ഇത് സ്ഥിരീകരിച്ചിട്ടില്ല.