ന്യൂഡല്‍ഹി: ഇന്‍റര്‍പോള്‍ ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ സ്വാഗതം ചെയ്ത് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സക്കീര്‍ നായിക്. നടപടി ആശ്വാസകരമാണെന്ന് പ്രതികരിച്ച നായിക് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന വ്യാജ കുറ്റാരോപണങ്ങള്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ടുഡേക്ക് നഅനുവദിച്ച പ്രത്യേക വീഡിയോ അഭിമുഖത്തിലാണ് സക്കീര്‍ നായിക്കിന്‍റെ പ്രതികരണം. 


സത്യം രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടുവെന്നും ഇന്ത്യയും അത് വൈകാതെ അംഗീകരിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും സക്കീര്‍ നായിക് പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നീതി ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആശ്വാസമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 


ഇന്ത്യ സമര്‍പ്പിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്ന് കാണിച്ചാണ് ഇന്‍റര്‍പോള്‍ സക്കീര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ സാമാധാനപരമായ സഹവര്‍ത്തിത്വത്തിന് വിഘാതമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്‍റര്‍പോള്‍ ഓഫ് ഇന്ത്യയുടെ ദേശീയ സെന്‍ട്രല്‍ ബ്യൂറോ ഇന്‍റര്‍പോള്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. 


എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സക്കീര്‍ നായിക്കിന്‍റെ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്‍റര്‍പോള്‍ ചൂണ്ടിക്കാട്ടി. നായിക്കിനെയും അദ്ദേഹത്തിന്‍റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. 


ബംഗ്ലാദേശില്‍ പിടിയിലായ തീവ്രവാദികള്‍ സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചതെന്ന് വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് 2016 ജൂലൈ ഒന്നിന് സക്കീര്‍ നായിക് ഇന്ത്യ വിട്ടു.