ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം മൂലം ലോകത്ത് ഏറ്റവു കൂടുതല്‍ മരിക്കുന്നത് ഇന്ത്യയിലെന്ന് പഠനം. 2015ല്‍ മലിനീകരണം മൂലം ഇന്ത്യയില്‍ മരിച്ചത് 25 ലക്ഷം പേരാണെന്ന് ലാന്‍സെറ്റ് ജേര്‍ണല്‍ പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. ചൈനയില്‍ ഇക്കാലയളവില്‍ മലിനകരണം മൂലം കൊല്ലപ്പെട്ടത് 18 ലക്ഷം പേരാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം, മറ്റ് തരത്തിലുള്ള മലിനീകരണങ്ങള്‍ വഴിയുണ്ടാകുന്ന രോഗങ്ങള്‍ മൂലമാണ് മരണങ്ങള്‍ സംഭവിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇതില്‍, അന്തരീക്ഷ മലിനീകരണം മൂലമാണ് കൂടുതല്‍ മരണവും സംഭവിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 65 ലക്ഷം പേര്‍ വായുമലിനീകരണം മൂലം മരിച്ചപ്പോള്‍ ജലമലിനീകരണം മൂലം 18 ലക്ഷം പേര്‍ മരണമടഞ്ഞു. 


ശ്വാസകോശ ക്യാന്‍സര്‍, പക്ഷാഘാതം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് തുടങ്ങിയവയാണ് മലിനീകരണം മൂലമുണ്ടാകുന്ന വിവിധ അസുഖങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. ജോലിസ്ഥലത്തെ മലിനീകരണം മൂലം 8 ലക്ഷം പേരാണ് ആഗോളതലത്തില്‍ കൊല്ലപ്പെട്ടത്. 


അമേരിക്കയിലെ ഐകാന്‍ സ്കൂള്‍ ഓഫ് മെഡിസിനും ഐ.ഐ.ടി ഡല്‍ഹിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് മലിനീകരണം വഴിയുള്ള മരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. വരുമാനം ഏറ്റവും കുറവുള്ള രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള മരണങ്ങളില്‍ ഏറിയ പങ്കും സംഭവിക്കുന്നത്. കൂടാതെ, വ്യാവസായികവത്ക്കരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, മഡഗാസ്കര്‍, കെനിയ എന്നീ രാജ്യങ്ങളിലും മലിനീകരണത്തിന്‍റെ അളവ് വളരെ കൂടുതലാണ്.