അഹമ്മദാബാദ്: ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി.
ഗുജറാത്ത് പൊലീസ് ഉന്നതര്‍ തന്നെയും എന്‍കൗണ്ടറിന് ഇരയാക്കി വധിക്കുമെന്ന് ദളിത് പ്രവര്‍ത്തകന്‍ കൂടിയായ മേവാനി ട്വീറ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പായ 'എഡിആര്‍ പൊലീസ് ആന്റ് മീഡിയ' വഴി കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ട് വീഡിയോയുടെ പശ്ചാത്തലത്തിലാണ് താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തത്.


രണ്ടു വീഡിയോകളില്‍ ആദ്യത്തേത് രാഷ്ട്രീയക്കാരനെപ്പോലെ വസ്ത്രം ധരിച്ച ഒരാളെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും മറ്റൊന്ന് പൊലീസ് എന്‍കൗണ്ടറിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിക്കുന്നതുമാണ്. 


പൊലീസിന്‍റെ തന്തയാകാന്‍ നോക്കുന്നവരോടും പൊലീസ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നവരുടേയും ഗതി ഇങ്ങനെ ആയിരിക്കുമെന്നും ഞങ്ങള്‍ ഞങ്ങളുടെ സ്കോര്‍ ശരിയാക്കുമെന്നുമുള്ള അഹമ്മദാബാദ് ഡിഎസ്പി ആര്‍. ബി. ദേവ്ധായുടെ സന്ദേശവും രണ്ടു വീഡിയോകള്‍ക്കും പിന്നാലെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.


അതേസമയം സന്ദേശം താന്‍ കോപ്പി പേസ്റ്റ് ചെയ്ത് മറ്റൊരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്തുവെന്ന് മാത്രമേയുള്ളൂവെന്നും സന്ദേശം തന്റേതല്ലെന്നുമാണ് ദേവ്ധായുടെ പ്രതികരണം. അത് ഒരിക്കലും ഒരു സ്വകാര്യ സന്ദേശമോ ഭീഷണിയോ അല്ലെന്നും പൊലീസ് ഓഫീസര്‍ വ്യക്തമാക്കുന്നു. 


മേവാനിയുടെ ട്വീറ്റ് വൈറലായതോടെ മാധ്യമ പ്രവര്‍ത്തകര്‍ ഇത് താങ്കള്‍ കൊല്ലപ്പെടുമെന്ന സൂചനയാണോയെന്ന് മേവാനിയോട് ചോദിച്ചു. പക്ഷെ, തന്നെ എങ്ങനെ ഇല്ലാതാക്കാമെന്ന രണ്ടു ഉന്നതരുടെ വാട്സ്‌ആപ്പ് ചര്‍ച്ചയാണിതെന്നും നിങ്ങള്‍ ഇക്കാര്യം വിശ്വസിക്കുന്നുണ്ടോയെന്നും മേവാനി ചോദിച്ചു. ഇക്കാര്യം പുറത്തുവിട്ട വെബ് പോര്‍ട്ടലിന്‍റെ ലിങ്കും അദ്ദേഹം ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.