വഹർലാൽ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പാർലമെൻറിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിനുനേരെ ഡല്‍ഹി പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം. പ്രൊഫസർ അതുൽ ജോഹരിയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വൈകിയും തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട പ്രൊഫസർ അതുൽ ജോഹരിയുടെ സസ്പെൻഷൻ ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടേയും സംയുക്ത കൂട്ടായ്മ സമര മാര്‍ഗങ്ങളുമായി പാർലമെൻറിലേക്ക് മാര്‍ച്ച് നടത്തിയത്.


സാമൂഹ്യ നീതി, ലിംഗ നീതി, ജനാധിപത്യ കലാലയം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ മാര്‍ച്ച് ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റിന് സമീപം പൊലീസ് തടയുകയും പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്.


അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നും ശരീരത്തില്‍ അനുമതിയില്ലാതെ സ്പര്‍ശിക്കുന്നുവെന്നുമുള്ള പരാതിയുമായി പ്രൊഫസര്‍ക്കെതിരെ ഒരു ഗവേഷണ വിദ്യാര്‍ഥിനി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ഇയാള്‍ക്കെതിരെ സമാന ആരോപണവുമായി എട്ട് വിദ്യാര്‍ത്ഥിനികള്‍ കൂടി പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അതുൽ ജോഹരിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 


ജോഹരിയെ അറസ്റ്റ് ചെയ്തത് 2018 മാര്‍ച്ച് 20ന് വൈകീട്ട് 5.42നായിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ 20 മിനിട്ടിനുള്ളില്‍ (7.02ന്) ഇയാള്‍ക്ക് ജാമ്യവും അനുവദിക്കുകയായിരുന്നു.