ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശ്‌ കോണ്‍ഗ്രസില്‍ ആരംഭിച്ച പോരാട്ടം മറ നീക്കി പുറത്തു വരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് കമല്‍ നാഥ് സര്‍ക്കാര്‍ അധികാരമേറ്റതോടെ പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം കുറേ മാസങ്ങളായി ഉയരുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ പിസിസി അദ്ധ്യക്ഷൻ ആക്കണമെന്ന ആവശ്യവുമായി കൂടുതൽ പേർ രംഗത്ത് എത്തിയിരുന്നു. 


കൂടാതെ, കമൽനാഥിനെ എത്രയും വേഗം പിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നും മാറ്റിയില്ലെങ്കിൽ പാർട്ടി ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ലഖൻ സിംഗ് അടക്കം നിരവധി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 


സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യനായ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. അദ്ദേഹം ചെറുപ്പമാണ്. മധ്യപ്രദേശിൽ കോൺഗ്രസിനെ ശക്തപ്പെടുത്താൻ ജ്യോതിരാദിത്യ സിന്ധ്യ വരേണ്ടത് അത്യാവശ്യമാണെന്നും ലഖൻ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 


എന്നാല്‍, ഇപ്പോള്‍ മറ്റൊരു വസ്തുതയാണ് മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്. ജോതിരാദിത്യ സിന്ധ്യ ട്വീറ്റർ ബയോയിൽ നിന്നും 'കോൺഗ്രസ്' പാർട്ടി പ്രവർത്തകൻ എന്ന പരാമർശം ഒഴിവാക്കിയിരിക്കുകയാണ്. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് എന്നതിന് പകരമായി പൊതുപ്രവർത്തകനും ക്രിക്കറ്റ് പ്രേമിയുമാണെന്നാണ് ഇപ്പോള്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് മുൻ പാർലമെന്‍റ് അംഗം, മുൻ മന്ത്രി എന്നിങ്ങനെയാണ് ട്വീറ്ററിൽ രേഖപ്പെടുത്തിയിരുന്നത്.



ട്വീറ്ററിൽ തിരുത്തൽ വരുത്തിയതോടെ ജോതിരാദിത്യസിന്ധ്യ കോൺഗ്രസ് വിടുമെന്ന വാർത്തയും രാജ്യതലസ്ഥാനത്ത് ശക്തമായി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിന്ധ്യ ട്വീറ്റർ ബയോയിൽ മാറ്റം വരുത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. രണ്ടു മൂന്നു ദിവസം മുൻപാണ് സിന്ധ്യ-മോദി കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന.


അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. രാജ്യ താൽപര്യത്തിനനുസരിച്ചാണ് മോദി സർക്കാർ ജമ്മു-കാശ്മീർ വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.


മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓർമ്മപ്പെടുത്തി കമൽനാഥിന് അടുത്തിടെ സിന്ധ്യ തുറന്ന കത്തയയ്ക്കുകയും ചെയ്തിരുന്നു.


എന്നാല്‍, ഇപ്പോള്‍ ട്വീറ്ററിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ മറ്റൊരു വലിയ മാറ്റത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചുവടുമാറ്റത്തിന് മുന്‍പായുള്ള സൂചനയാണോ ഇത് എന്നാണ് ഇനി അറിയേണ്ടത്...