ന്യൂഡൽഹി:  പുതുതായി അച്ചടിച്ച 500 രൂപയുടെ നോട്ടുകൾ രണ്ട് തരത്തിലുള്ളതാണെന്നും നോട്ടുകള്‍ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് എന്നും രാജ്യസഭയിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു. കേന്ദ്രസർക്കാർ എന്തിനാണ് നോട്ട് അസാധുവാക്കൽ നടപ്പാക്കിയതെന്ന് ഞങ്ങൾ വെളിപ്പെടുത്താൻ പോകുന്നുവെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപണം ഉന്നയിച്ചത്.  അദ്ദേഹം നോട്ടുകളുടെ വിത്യാസം കാണിക്കുന്നതിനായി നോട്ടുകൾ ഹാജരാക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർബിഐ രണ്ട് തരത്തിലും രൂപത്തിലുമുള്ള നോട്ടുകളാണ് നിർമിക്കുന്നതെന്നും അതില്‍ ഒന്ന് പാര്‍ട്ടിക്കുവേണ്ടിയും മറ്റേതു ജനങ്ങൾക്കു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ ഇങ്ങനെ അച്ചടിക്കുന്നതിനുപിന്നിൽ വലിയ കോഴയുണ്ടെന്നും ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ജെഡിയു നേതാവ് ശരദ് യാദവും കോൺഗ്രസിനെ പിന്തുണച്ചു.  500 രൂപയുടെ വിവിധ വലുപ്പത്തിലുള്ള‌ നോട്ടുകളുടെ ചിത്രം അദ്ദേഹവും ഉയർത്തിക്കാണിച്ചു.  ഗുരുതരമായ വിഷയമാണ് കോൺഗ്രസ് ഉന്നയിച്ചതെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രയ്ൻ പ്രതികരിച്ചു. പല വലുപ്പത്തിലുള്ള നോട്ടുകളാണ് രാജ്യത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 


എന്നാൽ, കോൺഗ്രസ് അടിസ്ഥാനരഹിതമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പ്രതികരിച്ചു.  വിഷയം ഉന്നയിക്കാൻ കൃത്യമായ സമയം ആവശ്യപ്പെട്ടിട്ടില്ലയെന്നും നോട്ടുകളെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമർശമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ശൂന്യവേളയെ ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്‍ലി പ്രതികരിച്ചു.