ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷമില്ല എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് 12 മണിയോടെയാണ് കോണ്‍ഗ്രസ്‌ നേതാക്കളായ കമല്‍നാഥ്‌, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ഗവര്‍ണറെ കണ്ടത്. 



ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 


അതേസമയം, 2 സീറ്റുകള്‍ നേടിയ ബിഎസ്പിയും 1 സീറ്റ് നേടിയ എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. ബിഎസ്പി അദ്ധ്യക്ഷ മായാവതി വാര്‍ത്താ സമ്മേളനം നടത്തിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന വിവരം പ്രഖ്യാപിച്ചത്. 


കൂടാതെ, തിരഞ്ഞെടുപ്പില്‍ വിജയിച്ച 4 സ്വതന്ത്രരും കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ചവരാണ്. ഇവരും ഇതിനോടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയായി.


വളരെ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്കു ശേഷമാണ് മധ്യപ്രദേശിലെ അന്തിമഫലം പുറത്തെത്തിയത്. 


അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. അദ്ദേഹം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസരിച്ചവേളയില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു.



അതേസമയം, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്‌, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കും. കൂടാതെ ശിവരാജ് സിംഗ് ചൗഹാന്‍ തന്‍റെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു.