ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്തു. അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ ശശി തരൂരുമായിയുള്ള ബന്ധത്തെക്കുറിച്ചാണ് ചോദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വി.കെ. യാദവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മെഹര്‍ തരാറിനെ ചോദ്യം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശശി തരൂരിന് മെഹര്‍ തരാര്‍ അയച്ച ഇമെയില്‍, ബിബിഎം മെസേജുകളെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചറിഞ്ഞെന്നും വിവരങ്ങളുണ്ട്. 2015 മാര്‍ച്ചിലും മെഹര്‍ തരാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 2014ലെ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം തരൂര്‍ മെഹറിനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.


2014 ജനുവരി 17ന് രാത്രി എട്ടു മണിയോടെയാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ മൂന്നുറ്റിനാല്‍പ്പത്തിയഞ്ചാം നമ്പര്‍ മുറിയില്‍ കണ്ടെത്തിയത്. സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ എയിംസ് ഡോക്ടര്‍ സുധീര്‍ ഗുപ്ത ജനുവരി 20ന് വ്യക്തമാക്കിയിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മെഹര്‍ തരാരുമായി സുനന്ദ ട്വിറ്ററില്‍ വാഗ്വാദം നടത്തിയിരുന്നു.