Mehul Choksi: ചികിത്സയ്ക്കായാണ് താൻ ഇന്ത്യ വിട്ടുപോയതെന്ന് മെഹുൽ ചോക്സി
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി ഇന്ത്യ വിട്ടത്
ന്യൂഡൽഹി: ചികിത്സയ്ക്കായാണ് താൻ ഇന്ത്യ വിട്ടുപോയതെന്ന് പിഎൻബി തട്ടിപ്പ് (PNB Scam) കേസിലെ പ്രതിയായ വിവാദ വ്യവസായി മെഹുൽ ചോക്സി. യുഎസിൽ ചികിത്സ തേടുന്നതിനായാണ് താൻ ഇന്ത്യ വിട്ടു പോയത്. രാജ്യം വിടുമ്പോൾ തന്റെ പേരിൽ വാറന്റ് ഇല്ലായിരുന്നെന്നും ഡൊമിനിക്ക ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മെഹുൽ ചോക്സി (Mehul Choksi) വ്യക്തമാക്കി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി ഇന്ത്യ വിട്ടത്. തട്ടിപ്പ് വിവരം പുറത്ത് വരുന്നതിന് മുൻപാണ് ചോക്സി രാജ്യം വിട്ടത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളുടെ അന്വേഷണം ചോക്സിക്കെതിരെ നടക്കുന്നുണ്ട്. നിലവിൽ ഡൊമിനിക്കയിലെ ജയിലിലാണ് ചോക്സി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന കുറ്റം ചുമത്തിയാണ് ചോക്സിയെ ഡൊമിനിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: Mehul Choksiക്ക് ജാമ്യമില്ല, ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കൻ സർക്കാർ
അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണം നടത്തേണ്ടതുണ്ടെങ്കിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ക്ഷണിക്കുന്നതായും ചോക്സി പറഞ്ഞു. ഇന്ത്യയിൽ നിന്ന് ദൗത്യസംഘം ചോക്സിയെ തിരികെ എത്തിക്കുന്നതിന് ഡൊമിനിക്കയിലേക്ക് പോയെങ്കിലും ഇയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഹർജി അടുത്തമാസമേ പരിഗണിക്കൂവെന്നാണ് സൂചന. അതുവരെ ചോക്സി ഡൊമിനിക്കയിൽ തുടരാനാണ് സാധ്യത.
ജാമ്യത്തിന് പണം കെട്ടിവയ്ക്കാൻ തയ്യാറാണെന്നും കോടതി (Court) നടപടികൾ തീരുന്നത് വരെ ഡൊമിനിക്കയിൽ താമസിക്കുന്നതിനുള്ള ശേഷിയുണ്ടെന്നും സത്യവാങ്മൂലത്തിൽ ചോക്സി വ്യക്തമാക്കി. തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും മെഹുൽ ചോക്സി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിലവിൽ ആന്റിഗ്വൻ പൗരത്വമാണ് ചോക്സിക്കുള്ളത്. ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയിൽ വച്ച് അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കോടതി നടപടി ക്രമങ്ങൾ പൂർത്തിയായാൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നും ആന്റിഗ്വയിലേക്ക് തിരിച്ച് അയയ്ക്കരുതെന്നുമാണ് ആന്റിഗ്വ ആന്റ് ബാർബുഡയുടെ ആവശ്യം.
ALSO READ: മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ശ്രമങ്ങൾ തുടർന്ന് ഇന്ത്യ; ഹേബിയസ് കോർപസ് ഹർജി കോടതി ഇന്ന് പരിഗണിക്കും
ഡൊമിനിക്കയിൽ നിന്ന് മെഹുൽ ചോക്സിയെ നേരിട്ട് ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ (Antigua PM Gaston Browne) ആവശ്യപ്പെട്ടിരുന്നു. ചോക്സിയുടെ ആന്റിഗ്വൻ പൗരത്വം 2109ൽ റദ്ദാക്കിയതാണെന്നും ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...