ന്യൂഡൽഹി: അനധികൃതമായി ഡൊമിനിക്കയിൽ (Dominica) പ്രവേശിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത വിവാദ വ്യവസായി മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ കോടതി. പിഎൻബി വായ്പാ തട്ടിപ്പ് കേസിലെ പ്രതിയാണ് മെഹുൽ ചോക്സി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് ശേഷം മെഹുൽ ചോക്സി (Mehul Choksi) രാജ്യം വിടുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് ആന്റിഗ്വയിലെത്തിയ മെഹുൽ ചോക്സി ആന്റിഗ്വൻ പൗരത്വം നേടിയിരുന്നു. തുടർന്ന് ആന്റിഗ്വയിൽ നിന്ന് ചോക്സി ഡൊമിനിക്കയിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ചോക്സിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇയാളുടെ അഭിഭാഷകൻ വാദിച്ചു. അതേസമയം, ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് (Deportation) ഡൊമിനിക്ക സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ചോക്സി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ഡൊമിനിക്കയിൽ നിന്ന് ആന്റിഗ്വയിലേക്ക് തിരികെ അയയ്ക്കണമെന്നും മെഹുൽ ചോക്സിയുടെ ഭാര്യ അറിയിച്ചു.
ALSO READ: PNB തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി മേഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് പിടികൂടി
നാടുകടത്താൻ ഡൊമിനിക്കൻ കോടതി അനുവദിച്ചാൽ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാൻ ദൗത്യസംഘം ഡൊമിനിക്കയിൽ എത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ വീതവും രണ്ട് സിആർപിഎഫ് കമാന്റോകളുമാണ് (CRPF Commando) സംഘത്തിൽ ഉള്ളത്.
ആന്റിഗ്വൻ പൗരത്വം ഉള്ളതിനാൽ മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ തങ്ങൾക്ക് ആകില്ലെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ അറിയിച്ചിരുന്നു. എന്നാൽ ചോക്സി ഇന്ത്യൻ പൗരനാണെന്നുള്ളതിന് മതിയായ രേഖകൾ കൈവശമുണ്ടെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ചോക്സി ആന്റിഗ്വൻ പൗരത്വം നേടിയെങ്കിലും ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...