മുംബൈ: ഇന്നലെ അതിരാവിലെ മുംബൈയിലെ മൌലാനി ഷൌകത് അലി റോഡിലെ ഭിണ്ടി ബസാറില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് ഉണ്ടായ ദുരന്തത്തില്‍ 33 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40  പേരെ രക്ഷപെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും ആളുകള്‍  കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ തിരച്ചില്‍ ഇപ്പോഴും  പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന രക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.


കെട്ടിടം അപകടാവസ്ഥയില്‍ ആണെന്നും ഒഴിഞ്ഞു പോകണമെന്നും പലവട്ടം മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിക്കുകയും നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. മേയിലാണ് അവസാനമായി നോട്ടീസ് ഇറക്കിയത്. 


മുംബൈയില്‍ ഉണ്ടായ ശക്തമായ മഴയില്‍ കെട്ടിടത്തിന് കൂടുതല്‍ ബലക്ഷയം സംഭവിയ്ക്കുകയും തകര്‍ന്നു വീഴുകയുമാണ് ഉണ്ടായത്. 


ഇതിനിടെ മുംബൈയില്‍ മഴ ശക്തമായി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുംബൈയില്‍ പെയ്യുന്ന കനത്ത മഴയില്‍ 14 പേര്‍ മരിച്ചു. അതേസമയം മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുന്‍പായി നടത്തിയ സര്‍വെയില്‍ 791 കെട്ടിടങ്ങള്‍ ഏറ്റവും അപകടകരമായ നിലയില്‍ ഉള്ളവ ആണെന്നും കണ്ടെത്തിയിരുന്നു.