ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരെന്ന്‍ ഡല്‍ഹി പൊലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘര്‍ഷത്തിന് പിന്നില്‍ വിദ്യാർത്ഥികളുമായി ബന്ധമില്ലാത്ത ചില സംഘടനകൾക്ക് ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം എൻഐഎയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.


ഡൽഹി പൊലീസിന്‍റെ വിവരശേഖരണം പൂർത്തിയാക്കിയാൽ ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് സൂചന. സംഘര്‍ഷത്തിന് ശ്രമിച്ച ചില സംഘടനകളെയും വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 


ബോധപൂർവ്വം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി ക്ഷണിച്ചുവരുത്തുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനമെന്നും ജാമിയ മിലിയയുടെ പരിസര പ്രദേശങ്ങളിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കാനുള്ള ഇന്ധനം ശേഖരിച്ചതടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.


മാത്രമല്ല ഇവർ വിദ്യാർത്ഥികളിൽ ചിലരോട് സഹായം നൽകാമെന്നു പറഞ്ഞ് സ്വാധീനിച്ചു എന്നും ഡൽഹി പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചശേഷമാണ് സംഘര്‍ഷത്തെക്കുറിച്ച് എന്‍ഐഎക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. 


കൂടാതെ ഈ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.