ന്യൂഡല്‍ഹി: രത്നവ്യാപാരി നീരവ് മോദി കോടികള്‍ തട്ടിയ സംഭവത്തില്‍ ബാങ്കിനേയും ഓഡിറ്റര്‍മാരേയും പഴിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്കിലെ ഓഡിറ്റര്‍മാരുടെ പിഴവാണ് ഇത്രയും തുക നഷ്ടപ്പെടുത്താന്‍ ഇടയാക്കിയത്. തട്ടിപ്പുകള്‍ സംബന്ധിച്ച്‌ ബാങ്കുകള്‍ സ്വയം പരിശോധിക്കണം. ബാങ്ക് മാനേജ്മെന്റും ഓഡിറ്റര്‍മാരുമാണ് കുറ്റക്കാര്‍ എന്നും ജയ്‌റ്റ്ലി സൂചിപ്പിച്ചു. 


അതേസമയം ബാങ്കിംഗ് സംവിധാനം വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും എവിടേക്ക് രക്ഷപ്പെട്ടാലും തട്ടിപ്പുകാരെ പിന്തുടര്‍ന്ന് പിടികൂടുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.


തട്ടിപ്പുകാരെ പിടികൂടേണ്ടത് ഭരണസംവിധാനത്തിന്‍റെ ഉത്തരവാദിത്തമാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ളവര്‍ ആത്മപരിശോധന നടത്തണം. ബാങ്കിംഗ് മേഖലയില്‍ ക്രമക്കേടുകള്‍ തടയാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.


പിഎന്‍ബി തട്ടിപ്പ് പുറത്തുവന്നതിനുശേഷം ഇതാദ്യമായാണ് അരുണ്‍ ജയ്റ്റ്ലി തന്‍റെ പ്രതികരണവുമായി രംഗത്തെത്തുന്നത്.