ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതിയായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ചിരിക്കുന്ന തിരുത്തല്‍ ഹര്‍ജിയില്‍ വാദം ഇന്നുച്ചയ്ക്ക് 1 മണിക്ക് സുപ്രീം കോടതിയില്‍ നടക്കും. വധശിക്ഷ ജീവപര്യന്തമായി മാറ്റണമെന്നാണ് അക്ഷയ് താക്കൂര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.


പ്രതിയ്ക്കായി അഭിഭാഷകന്‍ എ പി സിംഗ് ആണ് സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്‌. നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ ശരിവയ്ക്കുന്ന 2017 മെയ് 5ലെ ഉത്തരവ് ഉന്നത കോടതി മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. പ്രതിയ്ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല, പ്രതിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, പ്രതിയുടെ മാനസാന്തര സാധ്യത തുടങ്ങിയവ വിധി പ്രസ്താവിച്ചവേളയില്‍ കോടതി പരിഗണിച്ചില്ല എന്നും അക്ഷയ് താക്കൂറിന്‍റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി കോടതി തള്ളിയത്.


അതേസമയം, കേസിലെ പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ 17ന് രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍, പ്രതികളിലൊരാളായ വിനയ് ശര്‍മ ബുധനാഴ്ച വൈകുന്നേരത്തോടെ ദയാഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുകയാണ്.


അതേസമയം, വധശിക്ഷ ഉറപ്പായപ്പോള്‍ നിര്‍ഭയ കേസിലെ പ്രതികള്‍ ഓരോരുത്തരായി നിയമപഴുതുകള്‍ തേടുന്ന തിരക്കിലാണ്.


ദയാഹര്‍ജി നല്‍കാന്‍ ജനുവരി 7 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. ഈ സമയപരിധിക്കുള്ളില്‍ മുകേഷ് സിംഗ് മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അത് രാഷ്‌ട്രപതി തള്ളുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് പുതിയ മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.


ഇപ്പോള്‍ പ്രതികള്‍ ഓരോരുത്തരായി ദയ ഹര്‍ഹി സമര്‍പ്പിക്കുന്നതിലൂടെ ഒരു കാര്യം വ്യക്തമാണ്‌. ഏതു വിധേനയും കൊലക്കയറില്‍ നിന്നും രക്ഷപെടണം. വധശിക്ഷ നടപ്പാക്കുന്നത് ദീര്‍ഘിപ്പിക്കണം, ആ ഒരു ലക്ഷ്യം  മാത്രമാണ് പ്രതികളുടെ മുന്‍പില്‍ എന്നത് അവര്‍ കൈക്കൊള്ളുന്ന നടപടികള്‍ തെളിയിക്കുന്നു.