ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിലവിലെ 'യാഥാര്‍ത്ഥ്യം' വെളിപ്പെടുത്തിക്കൊടുക്കുകയാണ് നിതിന്‍ ഗഡ്കരി, അതും വളരെ നിഗൂഡമായ രീതിയിലെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലീമിന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 


പ്രധാനമന്ത്രിയെ കണ്ണാടി കാട്ടി 'പ്രതിച്ഛായ" കാട്ടിക്കൊടുക്കുകയാണ് നിതിന്‍ ഗഡ്കരി, അതും വളരെ നിഗൂഡമായ രീതിയില്‍, അതായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ ട്വീറ്റ്. 



 


ഇന്നലെ മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ലാണ് നിതിന്‍ ഗഡ്കരി പരോക്ഷമായി സര്‍ക്കാരിനെതിരെ ഒളിയമ്പെയ്തത്. "സ്വപ്‌നങ്ങള്‍ കാണിക്കുന്ന നേതാക്കളെ ജനങ്ങള്‍ ആദ്യം ഇഷ്ടപ്പെടും. എന്നാല്‍ നിറവേറ്റിയില്ലെങ്കില്‍ ജനം അവരെ തിരിച്ചടിക്കും. അതിനാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സ്വപ്‌നങ്ങള്‍ മാത്രം ജനങ്ങളെ കാണിക്കുക, ഞാന്‍ സ്വപ്‌ന൦ കാണിക്കുക മാത്രം ചെയ്യുന്നവരില്‍പ്പെട്ടവനല്ല, ഞാന്‍ പറയുന്നത് 100% പ്രവര്‍ത്തിച്ചു കാണിയ്ക്കാറുണ്ട്' അദ്ദേഹം പറഞ്ഞു. 


അതേസമയം, സ്വപ്‌നങ്ങള്‍ കാട്ടുകയും എന്നാല്‍ അത് നിറവേറ്റാന്‍ കഴിയാത്ത  രാഷ്ട്രീയ നേതാക്കളെ ജനം തള്ളിപ്പറയുമെന്ന നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം പ്രതിപക്ഷം ഏറ്റു പിടിച്ചിരിയ്ക്കുകയാണ്. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണ് ഗഡ്കരിയുടെ പരാമര്‍ശമെന്ന് പ്രതിപക്ഷ നേതാക്കള്‍ പരിഹസിച്ചു.


അതേസമയം, പ്രതിപക്ഷം തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് ഗഡ്കരി പ്രതികരിച്ചു. 


നിതിന്‍ ഗഡ്കരി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇതാദ്യമല്ല. മുന്‍പ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിക്കു ശേഷവും നിതിന്‍ ഗഡ്കരി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. പരാജയം ഏറ്റെടുക്കാനുള്ള തന്‍റേടം നേതൃത്വം കാണിക്കണമെന്നായിരുന്നു അന്ന് അദ്ദേഹം പ്രസ്താവിച്ചത്. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുവരെ നേതൃത്വത്തിന്‍റെ പാര്‍ട്ടിയോടുള്ള കൂറ് തെളിയിക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.