ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ടിഡിപിയിലെ എം.പി ശ്രീനിവാസാണ്. അതിനുശേഷം പ്രമേയത്തെ അനുകൂലിച്ചുകൊണ്ട്​ ടിഡിപി എംപി ജയദേവ് ഗല്ല സംസാരിച്ചു. ഗുണ്ടൂരില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശേഷമാണ് ബിജെപിയില്‍നിന്നുള്ള രാകേഷ് സിംഗ് അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്. തന്‍റെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല. വർഷങ്ങളായി ഒരു കുടുംബമാണ് ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നത് എന്നും അത് അഴിമതിയുടെ ഭരണമായിരുന്നുവെന്നും രാകേഷ് സിംഗ് പറഞ്ഞു.


അതുകൂടാതെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ നല്ല ഭരണത്തിലുള്ള അസ്വസ്ഥതയാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യം വളർച്ചയുടെ പാതയിൽ മുന്നോട്ട് നീങ്ങുമ്പോൾ സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്തിനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും അധികാരം നഷ്ടപ്പെട്ട ബിജെപി അത് പരാമര്‍ശിക്കാനും മറന്നില്ല. കർണാടകയുടെ മുഖ്യമന്ത്രിയാകാൻ താങ്കളെ അനുവദിക്കാത്ത പാർട്ടിക്കുവേണ്ടി എന്തിനാണ് വാദിക്കുന്നതെന്ന് മല്ലികാർജ്ജുന ഖാർഗെയോട് രാകേഷ് സിംഗ്  ചോദിച്ചു. കോൺഗ്രസുമായി സഖ്യത്തിലായ കുമാരസ്വാമി പൊതുവേദിയിൽ കണ്ണീർപൊഴിച്ചത് എല്ലാവരും ഓർക്കുന്നത് നല്ലതായിരിക്കുമെന്ന് രാകേഷ് സിംഗ് പറഞ്ഞു. 


കൂട്ടത്തില്‍ എൻഡിഎ സര്‍ക്കാരിന്‍റെ വികസന പദ്ധതികളെ പ്രകീര്‍ത്തിച്ച അദ്ദേഹം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് എല്ലാ വീടുകളിലും വൈദ്യുതിയെത്തിച്ചതായി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


ന്യൂനപക്ഷങ്ങൾക്കായിരിക്കണം രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു. എന്നാൽ പാവപ്പെട്ടവർക്കാണ് അവകാശമെന്ന നിർദ്ദേശം മോദി കൊണ്ടുവന്നു. 


നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് ലോക്‌സഭ പരിഗണിക്കുന്നത്. അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.