ജയ്പൂര്‍: ജന സേവകര്‍ ആയാലും ശരി, കാര്യം തര്‍ക്കത്തിലെത്തിയാല്‍ തല്ലിത്തീര്‍ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലാണ് സംഭവം. തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ രാജസ്ഥാനിലെ രണ്ട് മന്ത്രിമാര്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. തമ്മില്‍ തല്ലി പരിഹാരം കണ്ടു!!


അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച ചെറിയ പ്രശ്‌നമാണ് തല്ലില്‍ അവസാനിച്ചത്‌.


തന്‍റെ മണ്ഡലത്തിലെ അധ്യാപകരുടെ സ്ഥലംമാറ്റം ചര്‍ച്ചചെയ്യാനാണ് ആരോഗ്യമന്ത്രി ബന്‍ഷിധര്‍ ബജിയ കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിക്ക് വിദ്യഭ്യാസ മന്ത്രി വസുദേവ് ദേവ്നാനിയുടെ ഓഫിസില്‍ എത്തിയത്. ആവശ്യം വിദ്യാഭ്യാസ മന്ത്രി നിരസിച്ചു. ഉടന്‍ അദ്ദേഹത്തിന്‍റെ കരണത്തടിച്ച് ആരോഗ്യമന്ത്രി സ്ഥലം വിട്ടു.


കരണത്തടി ബിജെപി നേതൃത്വത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. തല്ല് നാണക്കേടായതോടെ രണ്ടു പേരെയും വിളിച്ച് പ്രശ്‌നത്തിന് പരിഹാര൦ കാണുക എന്നതായി ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. അതേസമയം, സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.


ഏതായാലും ബിജെപിയുടെ നേര്‍ക്ക്‌ വിരലുയര്‍ത്താന്‍ കാത്തിരുന്ന കോണ്‍ഗ്രസിന് നല്ല അവസരമാണ് കിട്ടിയത്. പാര്‍ട്ടി അത് വേണ്ടവിധം ഉപയോഗിക്കുകയും ചെയ്തു. ബിജെപിയുടെ ശരിയായ മുഖമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.


സ്ഥലം മാറ്റം ചോദിച്ച വിധവയായ അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നടപടി കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതിന് പിന്നാലെയാണ് രാജസ്ഥാനില്‍ നിന്നുള്ള ഈ 'കരണത്തടി'.