ജമ്മു: ജമ്മു-കശ്​മീരിലെ കുപ്​വാരയിലുണ്ടായ ആക്രമണത്തില്‍ രണ്ട് പാക്‌ സൈനികരെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. തിങ്കളാഴ്​ച രാത്രി കുപ്​വാരയില്‍ തംഗ്ധര്‍ സെക്​ടറിലാണ്​​ ആക്രമണം നടന്നത്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാതൊരു പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്​റ്റുകള്‍ക്ക്​ നേരെ ആക്രമണം നടത്തിയ പാക്​ റേഞ്ചേഴ്സിനെതിരെ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.


അതിര്‍ത്തി നിയന്ത്രണരേഖ ലംഘിച്ച പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്ന്​ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട്​ പാക്​ റേഞ്ചേഴ്​സ് കൊല്ലപ്പെട്ടതായും ശ്രീനഗറിലെ പ്രതിരോധ​ വക്താവ്​ കേണല്‍ രാജേഷ്​ കാലിയ അറിയിച്ചു.


കഴിഞ്ഞ ആഗസ്റ്റ്‌ ഏഴിന് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ പുഷ്​പേന്ദര്‍ സിംഗ് ഉള്‍പ്പടെ നാല് സൈനികര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. വടക്കന്‍ കശ്മീരിലെ ഗുരേസ് സെക്ടറിലുണ്ടായ ആക്രമണത്തില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.


എട്ടു പേരടങ്ങുന്ന ഒരു സംഘം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണ രേഖയില്‍ പൊതുവേ സമാധാന മേഖലയായ ഗുരേസ് സെക്ടര്‍ വഴിയാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തിരച്ചിലിനിടെ ഇവര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.