ന്യൂഡല്‍ഹി: ശബരിമലയില്‍ ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ്‌ ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് തീരുമാനമെടുത്തത്. കേസ് ആവശ്യമെങ്കില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയില്‍ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകള്‍,ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി ഹര്‍ജി പരിഗണിക്കവെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.


പ്രവേശനത്തെ അനുകൂലിച്ച് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം പരിഗണിക്കരുതെന്നും, സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നും വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2007 ലെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും, സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിക്കണമെന്നും കോടതിയെ അറിയിച്ചു.  ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ പ്രധാന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ക്ഷേത്രസംരക്ഷണ സമിതി ഉള്‍പെടെയുള്ളവര്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു.