ന്യൂഡല്‍ഹി: അയോധ്യകേസില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. മധ്യസ്ഥ സംഘത്തിലേക്കുള്ള അംഗങ്ങളെ കഴിഞ്ഞ ദിവസം കക്ഷികള്‍ നിര്‍ദേശിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ ചീഫ് ജസ്‌റ്‌റിസുമാരായ ദീപക് മിശ്ര, ജെ.എസ് ഖേഹാര്‍ എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നല്‍കിയത്. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യന്‍ ജോസഫിനെയും എ.കെ.പട്‌നായിക്കിനെയുമാണ് നിര്‍മോഹി അഖാഡ നിര്‍ദേശിച്ചത്. കേസ് ഇന്ന് പത്തരയ്ക്ക് കോടതി പരിഗണിച്ചേക്കും.


ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷയുടെ കൃത്യത സുന്നി വഖഫ് ബോര്‍ഡിന് പരിശോധിക്കാന്‍ വേണ്ടിയാണ് കേസ് മാറ്റിയത്. 


കഴിഞ്ഞ ദിവസം കോടതിയുടെ പരിഗണനയില്‍ കേസ് എത്തിയപ്പോള്‍ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചില്ലെങ്കില്‍ മധ്യസ്ഥത ചര്‍ച്ചയുടെ തീരുമാനം അംഗീകരിക്കപ്പെടില്ലെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നു. അയോധ്യ തര്‍ക്കം മതപരവും വൈകാരികവും ആയ വിഷയം ആണ്. കേവലം സ്വത്ത് തര്‍ക്കമല്ല എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.


സിവില്‍ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരം കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. 


കേസ് വെറും ഒരു സ്വകാര്യ ഭൂമിതര്‍ക്ക കേസ് മാത്രമല്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട കേസ് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നതാണ് കോടതിയുടെ നിലപാട്.