ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനുനേരെ പൊലിസ് നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി. സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിൽ ഇന്നലെ മുതൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടകളും മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. ഇന്‍റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിക്കുകയാണ്. തെരുവിൽ പൊലീസ് സേന പട്രോളിങ് നടത്തുന്നുണ്ട്.


ഇന്നലെ വെടിവെപ്പിൽ മരിച്ച കർഷകരുടെ മൃതദേഹം സംസ്ക്കരിക്കാൻ ഗ്രാമീണർ ഇതുവരെ തയാറായിട്ടില്ല. മരിച്ച അഞ്ച് കർഷകരും പാട്ടിദാർ സമുദായത്തിൽപ്പെട്ടവരാണ്. മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാതെ മൃതദേഹം മറവ് ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. എന്നാൽ ശിവരാജ് സിങ് ചൗഹാൻ സ്ഥലം സന്ദർശിക്കില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് നന്ദകുമാർ സിങ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.


നേരത്തെ, പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപയും പരുക്കേറ്റവർക്ക് അഞ്ചു ലക്ഷവും സൗജന്യ ചികിൽസയും നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിരുന്നു.


വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാര്‍ഷിക മേഖലക്ക് അടിയന്തര ധനസഹായം നല്‍കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 350 കി.മീറ്റര്‍ അകലെയുള്ള മന്ദസൂര്‍ ജില്ലയില്‍ നടത്തിയ കര്‍ഷകരുടെ പ്രതിഷേധത്തിനുനേരെയാണ് വെയിവയ്പ്പുണ്ടായത്.