മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവാജി പാര്‍ക്കില്‍ ഇന്ന് വൈകിട്ട് 6:40 നാണ് ചടങ്ങ്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ദവ് താക്കറെയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. 


ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രിസ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും നല്‍കാന്‍ തീരുമാനിച്ചു. മൂന്ന് പാര്‍ട്ടികളില്‍നിന്നും രണ്ടുവീതം മന്ത്രിമാരാകും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.


മഹാവികാസ് ആഘാടിയുടെ യോഗത്തിന്ശേഷം എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20 വര്‍ഷത്തിന് ശേഷമാണ് മഹാരാഷ്ട്രയില്‍  ഒരു ശിവസേന മുഖ്യമന്ത്രിയുണ്ടാകുന്നത്. 


മഹാരാഷ്ട്രയിലെ പ്രമുഖമായ താക്കറെ കുടുംബത്തില്‍നിന്ന് അധികാരത്തിലെത്തുന്ന ആദ്യവ്യക്തിയാണ് ഉദ്ധവ്. ബിജെപിക്ക് ഒപ്പം ചേർന്ന് സര്‍ക്കാരുണ്ടാക്കാന്‍ കൂട്ടുനിന്ന്‍ ഉപമുഖ്യമന്ത്രിയായ അജിത്‌ പവാര്‍ ആ പദവി രാജിവെച്ച് തിരികെ പാര്‍ട്ടിയില്‍ എത്തിയിരുന്നു. 


അതുകൊണ്ടുതന്നെ അജിത് പവാർ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചനയുണ്ട്. മുംബൈയിൽ വിവിധ പദവികൾ ആർക്കെല്ലാം നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ചേര്‍ന്ന സർവകക്ഷിയോഗത്തിൽ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാർ ഉറച്ച നിലപാടെടുത്തുവെന്നാണ് സൂചന.


തിരികെ പാർട്ടിയിലേക്ക് വരുമ്പോൾ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രി പദമാണെന്ന് അജിത് പവാർ യോഗത്തിൽ ചൂണ്ടിക്കാട്ടിയെന്നും സൂചനയുണ്ട്.


മന്ത്രിസഭയില്‍ ശിവസേനയ്ക്കും എന്‍സിപിയ്ക്കും 15 വീതവും കോണ്‍ഗ്രസിന്‌ 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ധാരണ. സഖ്യത്തിലുണ്ടായിരുന്ന എല്ലാവിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിച്ചതായി കോണ്‍ഗ്രസ്‌ നേതാവ് അഹമ്മദ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. 


മുഖ്യമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തലവന്‍മാര്‍, നേതാക്കള്‍ തുടങ്ങി നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. 


സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കേജ്‍രിവാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി ക്ഷണിച്ചിട്ടുണ്ട്.


Also read: മുഖ്യമന്ത്രിയാകുമെന്ന്‍ പ്രതീക്ഷിച്ചില്ല; സോണിയാ ഗാന്ധിയ്ക്ക് നന്ദി