ന്യൂഡല്‍ഹി: അയോധ്യ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തുകൊണ്ടാണ് ഇതുവരെ ഓർഡിനൻസ് കൊണ്ടുവരാത്തത്? അയോധ്യാ വിവാദത്തില്‍, ഓർഡിനൻസ് കൊണ്ടുവരുമെന്ന് ഓരോ തവണയും ബിജെപി സര്‍ക്കാര്‍ ഭീഷണി മുഴക്കുന്നു. ബിജെപി, ആര്‍.എസ്.എസ്, വി.എച്ച്.പി എന്നീ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഒരേപോലെയാണ് ഈ വിഷയത്തില്‍ ഭീഷണി മുഴക്കുന്നത്. ഓർഡിനൻസ് കൊണ്ടുവരൂ, ഇന്ന് അധികാരം നിങ്ങളുടെ പക്കലുണ്ട്, ഓർഡിനൻസ് കൊണ്ടുവരുവാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, അദ്ദേഹം പറഞ്ഞു. 
 
തന്‍റെ പത്ര സമ്മേളനത്തില്‍ ബിജെപി നേതാവ് ഗിരിരാജ് സിംഗിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഗിരിരാജ് സിംഗിനെ ബിജെപിയുടെ പൊതു അഭിഭാഷകനാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 


അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദം നടക്കുന്നതിന് മുന്‍പ് ഗിരിരാജ് സിംഗ് നല്‍കിയ പ്രസ്താവനയാണ് ഇതിനാധാരം. ഹിന്ദുക്കളുടെ ക്ഷമ നശിച്ചു. ഇതിന്‍റെ പരിണതഫലം എന്തായിരിക്കുമെന്നത് ആശങ്കയുളവാക്കുന്നു എന്നാണ് ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടത്. കൂടാതെ, ഈ അയോധ്യ വിഷയത്തില്‍ തീരുമാനമാകാത്തത് ഹിന്ദുക്കളുടെ ദൗര്‍ഭാഗ്യമാണെന്നും അദേഹം പറഞ്ഞു. 


ഹൈന്ദവ രാജ്യത്ത് ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നത് രാജ്യത്തിന്‍റെ ദുരന്തമാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. സ്വാതന്ത്ര്യ൦ ലഭിച്ചപ്പോള്‍ ഹിന്ദു മുസ്ലിം എന്ന പേരിൽ രാജ്യം വിഭജിക്കപ്പെട്ടു. ഇരു മതത്തില്‍പ്പെട്ടവര്‍ക്കും രാജ്യം ലഭിച്ചു. അക്കാലയളവില്‍ ഹിന്ദുക്കളുടെ ആരാധന കേന്ദ്രമായി ശ്രീരാമന്‍റെ ക്ഷേത്രം കണക്കാക്കിയിരുന്നുവെങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനും ഗിരിരാജ് സിംഗ് മറന്നില്ല. ജവഹർലാൽ നെഹ്രു വോട്ടിനായി ഈ വിവാദം നിലനിര്‍ത്തി, ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും ഇതേ മാതൃക പിന്തുടരുന്നു, അദ്ദേഹം പറഞ്ഞു.


അതേസമയം, അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റി. ജനുവരി ആദ്യ വാരം കേസ് പരിഗണിക്കുന്ന തീയതി, ബഞ്ച് തുടങ്ങിയവ സംബന്ധിച്ച് ഒരു വിവരങ്ങള്‍ പുറത്തുവരും.