ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ ഇന്ത്യയ്ക്ക് അര്‍ഹതപ്പെട്ട വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത്‌ തടയാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയ്ക്ക് അര്‍ഹതപ്പെട്ട വെള്ളം തടഞ്ഞു നിര്‍ത്തി പാടങ്ങൾക്കും വ്യവസായങ്ങൾക്കും എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.


നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ഇന്ത്യയ്ക്ക് അര്‍ഹതപ്പെട്ടതും, എന്നാല്‍ പാക്കിസ്ഥാനിലേക്ക് ഒഴുകുന്നതുമായ ജലത്തിന്‍റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതല്ല, കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.


ജലത്തിന്‍റെ ഒഴുക്കില്‍ ഒരു വൃതിചലനം സൃഷ്ടിച്ച് വെള്ളം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 


കാച്ച്മെന്‍റ് ഏരിയയില്‍ ചില റിസര്‍വോയറുകളും നദികളുമുണ്ട്. അപ്പോള്‍ ചാനല്‍ തിരിച്ച് വിട്ടാല്‍ പഞ്ഞ മാസങ്ങളിലും മണ്‍സൂണ്‍ സീസണിലും ആ വെള്ളം ഉപയോഗിക്കാനാകും. ഇപ്പോള്‍ നമ്മുടെ എല്ലാ റിസര്‍വോയറുകളും നിറഞ്ഞിരിക്കുകയാണ്. എന്നാല്‍, പാക്കിസ്ഥിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കിനെ വൃതിചലിപ്പിച്ച് രവി നദിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 


മുന്‍പ്, പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നത്തെ ജലമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവനങ്ങള്‍ നടത്തിയിരുന്നു. പാക്കിസ്ഥാന് വെള്ളം ലഭിക്കാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചുവിടണമെന്ന് ഗഡ്കരി പറഞ്ഞിരുന്നു.


“ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചപ്പോള്‍ മൂന്ന് നദികള്‍ പാക്കിസ്ഥാനും മൂന്ന് ഇന്ത്യയ്ക്കും നല്‍കി. എന്നിരുന്നാലും പാക്കിസ്ഥാന് നദീജലം നല്‍കുന്നത് ഇന്ത്യ തുടര്‍ന്നു. എന്നാലിപ്പോള്‍ ആ ജലം യമുന പ്രോജക്ട് വഴി യമുനാ നദി പരിപോഷിപ്പിക്കാന്‍ ഉപയോഗിക്കും.” എന്നായിരുന്നു ഗഡ്കരി അഭിപ്രായപ്പെട്ടത്.