ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധിയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ് രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുജനക്ഷേമത്തിന് വേണ്ടിയുള്ള ഒരുസന്യാസിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കുമെന്ന് പറഞ്ഞാണ് യുപി മുഖ്യന്‍ രംഗത്തെത്തിയത്. തന്‍റെ ട്വിറ്ററിലൂടെയായിരുന്നു അദേഹത്തിന്‍റെ മുന്നറിയിപ്പ്. 


പാരമ്പര്യമായി രാഷ്ട്രീയം ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകില്ലെന്നും ആദിത്യനാഥ് പറഞ്ഞു. 'പൊതുജനക്ഷേമം കാവിയില്‍' എന്ന ഹാഷ്ടാഗിലൂടെയായിരുന്നു യോഗിയുടെ മറുപടി. 


മാത്രമല്ല രാഷ്ട്രീയ താല്‍പര്യത്തിന്‌ വേണ്ടി പ്രിയങ്ക ഗാന്ധി രാജ്യത്ത് മതസ്പര്‍ദ്ധയുണ്ടാക്കുന്നുവെന്നും ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മ്മയും പറഞ്ഞു. 


പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദ്യത്യ നാഥിനെ രൂക്ഷമായി വിമര്‍ശിച്ചത്.


യോഗി ആദിത്യ നാഥിന് കാവി വസ്ത്രം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നല്‍കുകയാണ്. ഇന്ത്യയുടെ ധാര്‍മിക മൂല്യത്തിന്‍റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


Also read: യു.പി മുഖ്യമന്ത്രിയ്ക്ക് കാവിവസ്ത്രം യോജിക്കില്ല: പ്രിയങ്കാ ഗാന്ധി