കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് തടയിടുന്നതിനായി കാസര്‍ഗോഡ് ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം. ഉച്ചക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സാമാധാന യോഗം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അതേ സമയം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തിന് ഇന്ന് തുടക്കമാകും. 


പത്ത് മണിമുതല്‍ സിവില്‍സ്റ്റേഷന് മുന്നിലാണ് ഉപവാസം. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. ശരത്‌ലാലിനേയും കൃപേഷിനേയും സംസ്‌കരിച്ചിടത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക. 


കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പെരിയ മേഖലയില്‍ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. പെരിയയിലും കല്യോട്ടും സിപിഐഎം അനുഭാവികളുടെ വീടിന് നേരെ ആക്രമണമുണ്ടായി. മുഖ്യപ്രതി പീതാംബരനുള്‍പ്പടെ പലരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും തീ വച്ച്‌ നശിപ്പിക്കപ്പെട്ടു. 


കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരണത്തിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി പിടികൂടാനുണ്ട്. കൂടെ പ്രതികളെ സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമടക്കമുള്ളവരേയും കണ്ടെത്തണം. 


ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഇവയെല്ലാം പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ഇരകളുടെ കുടുംബം.