തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററിന്‍റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുള്ള ലക്ഷ്മിയോട് അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്.


ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് ബാലഭാസ്‌കറുടെയും മകളുടെയും മരണം ഇതുവരെയും അറിയിക്കാത്തത്. 


അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി. 


അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്‍റെ മരണം.


കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25 നായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു.