തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ. എം മാണിയെ ചൊല്ലി ബിജെപിയില്‍ വീണ്ടും ഭിന്നത. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗവും രാജ്യസഭാ എംപിയുമായ വി. മുരളീധരനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഭിന്നത തീവ്രമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ കലം നിലത്തിട്ട് ഉടയ്ക്കുന്ന നിലപാടാണ് മുരളീധരന്‍ കാണിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി രമേശ്‌ ആരോപിച്ചു. 


കെ. എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ മുരളീധരന്‍ നിലപാട് തിരുത്തണമെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കി. പ്രസ്താവന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നും കുമ്മനം സൂചിപ്പിച്ചു. 


കെ. എം മാണി കള്ളനും കൊള്ളക്കാരനുമാണെന്ന വി. മുരളീധരന്‍റെ അഭിപ്രായത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി. ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരുന്നു.


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ  ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത രൂക്ഷമാകുകയാണ്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുരളീധരനെതിരെ ശക്തമായ പ്രതിഷേധം കൂടി വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കടുത്ത ഭിന്നതയാണ് പ്രകടമാകുന്നത്.