ഒരു മാസമായി തുടരുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‍റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇനിയുള്ള മണിക്കൂറുകളില്‍ നിശബ്ദ പ്രചാരണമാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും കൂടി 9.5 ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 


ഇന്നലെ നടന്ന കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ ചെറിയ രീതിയില്‍ സംഘര്‍ഷവും നടന്നു. കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളായ അടൂര്‍ പ്രകാശും റോബര്‍ പീറ്ററും കോന്നിയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. 


ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയ പ്രതീക്ഷയുമായാണ് എല്‍ഡിഎഫ് മുന്നോട്ട് നീങ്ങുന്നത്‌. സിറ്റിംഗ് സീറ്റായ അരൂരിന് പുറമേ ഒരു മണ്ഡലത്തില്‍ കൂടി ജയിക്കാനായാല്‍ മുന്നണിക്കും സര്‍ക്കാറിനും അത് നേട്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 


നാല് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് നേരിടുന്ന വെല്ലുവിളി. കോന്നിയില്‍ അവസാന ഘട്ടത്തിലും നിലനില്‍ക്കുന്ന ഭിന്നത കോണ്‍ഗ്രസിന് ആശങ്കയാണ്. എങ്കിലും അരൂര്‍ കൂടി പിടിച്ചെടുത്ത് ചരിത്ര വിജയം നേടുമെന്നാണ് യുഡിഎഫിന്‍റെ വാദം.


വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും മികച്ച പ്രകടനം നടത്തേണ്ടത് ബിജെപിയുടെയും ആവശ്യമാണ്. മാത്രമല്ല കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലും ശക്തി തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ മൂന്നുമുന്നണികളും വിജയ പ്രതീക്ഷയിലാണ്.


ഏറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്.