തിരുവനന്തപുരം: ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഉടമസ്ഥനായ ദിലീപിന് ജില്ല സർവെ സൂപ്രണ്ട് നോട്ടീസ്  അയച്ചു. ദിലീപിനെ കൂടാതെ ആറുപേര്‍ക്കും കൂടി നോട്ടിസ് അയച്ചിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട്‌ പ്രകാരമാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

 അതേസമയം, 27ന് ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡി-സിനിമാസ്, സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നലെ മാധ്യമങ്ങളോട് വ്യകതമാക്കി. 


കളക്ടര്‍ ​എ. കൗ​ശി​ഗ​​ൻ റവന്യൂ മന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ചാലക്കുടിയിലെ തിയറ്റര്‍ സമുച്ചയം ഡി സിനിമാസ് ദിലീപ് പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പല രേഖകളും നഷ്ടമായിട്ടുണ്ടെന്നും കൈയേറ്റം കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


കൈയേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ട്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉന്നത സംഘം അന്വേഷണം നടത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. രേഖകളില്‍ ഈ ഭൂമി ദേവസ്വം ഊട്ടുപുരപ്പറമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  നിയമപ്രകാരം ഇത് വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. പിന്നെ ഈ ഭൂമി എങ്ങനെ ദിലീപ് സ്വന്തമാക്കി  എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 


കൊച്ചി രാജ കുടുംബത്തിന്‍റെ സ്ഥലം, ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2006ല്‍ വ്യാജ ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന്‍ ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ.സി സന്തോഷ് അന്നത്തെ കലക്ടർ എം.എസ്. ജയക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്ന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റെതാണെന്നും രാജകുടുംബം അല്ലാത്ത മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പരാതിക്കാരന്‍ പറയുന്നു.