തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ 'പൂതന' എന്ന് പരാമര്‍ശിച്ചതിനെതിരെ റിപ്പോര്‍ട്ട്‌ തേടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി ജി.സുധാകരനാണ് ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് പരാമര്‍ശിച്ചത്. വെ​ള്ളി​യാ​ഴ്ച തൈ​ക്കാ​ട്ടു​ശേ​രി​യി​ല്‍ നടന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കെതിരെ മന്ത്രി വിവാദ പരാമർശ൦ നടത്തിയത്. 


പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിനിടയിലായിരുന്നു ഈ പരാമര്‍ശം.


ഇതിനെതിരെ ഷാനിമോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിക്കാറാം മീണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് ഷാനിമോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.  


സംഭവത്തില്‍ മന്ത്രിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. 


തനിക്കെതിരെ ആദ്യമായാണ് ഒരാള്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നതെന്നും വളരെ മോശമായ പദപ്രയോഗമാണ് മന്ത്രി നടത്തിയതെന്നും ചെറുപ്പം മുതലേ തനിക്ക് മന്ത്രിയെ അറിയാമെന്നും ഷാനിമോള്‍ പറഞ്ഞു. 


മാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ സുധാകരനോട് തന്‍റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു. 


അതേസമയം സംഭവം വിവാദമായതോടെ ഷാനിമോള്‍ ഉസ്മാനെതിരെ 'പൂതന' പ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും ഷാനിമോള്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്നും മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും പറഞ്ഞ് മന്ത്രി രംഗത്തെത്തിയിരുന്നു.