തിരുവനന്തപുരം:   പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (Environment Impact Assessment 2020, EIA 2020) വിജ്ഞാപനം സംബന്ധിച്ചുള്ള  അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന്  അവസാനിക്കാനിരിക്കെ എതിര്‍ത്തുള്ള നിലപാട് കേരളം ഇന്ന് അറിയിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിസ്ഥിതി മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന കരട് വിജ്ഞാപനത്തിനോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് രേഖാമൂലം ഇന്ന് തന്നെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കരട് ഭേദഗതിയില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ മറുപടി നല്‍കാനാണ് തീരുമാനം. 


പരിസ്ഥിതി അനുമതി ലഭിക്കാന്‍ നേരത്തെയുണ്ടായിരുന്ന ജില്ലാതല സമിതികള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യം കേരളം മുന്നോട്ട് വയ്ക്കും.  


അതേസമയം കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ ഭേദഗതി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമനത്തിന്‍റെ  അധികാരങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ദേദഗതി നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. 


പരിസ്ഥിതി ആഘാത പഠനമോ മുൻകൂ൪ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമ൪ശമാണ് ഉയ൪ന്നിരിക്കുന്നത്.


Also read: Environment Impact Assessment 2020: പ്രതിഷേധം അനാവശ്യമെന്ന് പ്രകാശ് ജാവഡേക്കര്‍


പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ  മുൻകൂ൪ അനുമതി വാങ്ങാതെയോ പരിസ്ഥിതി ആഘാത പഠനം നടത്താതെയോ വൻകിട പദ്ധതികളുമായി മുന്നോട്ടുപോകാൻ അവസരമൊരുങ്ങും. കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികൾക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തകയോ പൊതുജനാഭിപ്രായം തേടുകയോ വേണ്ടതില്ല. കയ്യേറ്റങ്ങളും ചട്ടലംഘനങ്ങളും റിപ്പോ൪ട്ട് ചെയ്യാൻ പൗരന്മാ൪ക്കുണ്ടായിരുന്ന അവകാശവും തന്ത്രപ്രധാന ഇനത്തിൽ വരുന്ന പദ്ധതികൾക്ക് ബാധകമാകില്ല. 


മറ്റ് പദ്ധതികളെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം മുന്‍പ് ഒരു മാസമുണ്ടായിരുന്നത്  20 ദിവസമായി വെട്ടിക്കുറച്ചു. പരിസ്ഥിതി സൗഹൃദമാണെന്ന് കാണിക്കുന്ന റിപ്പോ൪ട്ട് വ൪ഷത്തിൽ രണ്ട് തവണ സമ൪പ്പിക്കേണ്ടിയിരുന്നത് ഒരു തവണയാക്കിയും  ചുരുക്കിയിട്ടുണ്ട്. 


പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴിവെക്കുമെന്ന വിമ൪ശമാണ് ഉയരുന്നത്. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ഇതിനകം പ്രതിപക്ഷവും നിരവധി പരിസ്ഥിതി പ്രവ൪ത്തകരും കേന്ദ്ര സ൪ക്കാറിനെ സമീപിച്ചിട്ടുണ്ട്.


അതേസമയം, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി തീരുന്നത് വരെ സംസ്ഥാനം കാത്തിരുന്നതിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിരിയ്ക്കുകയാണ്. 


വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം അനാവശ്യവും  അനവസരത്തിലുമുള്ളതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍  (Praksh Javadekar) അഭിപ്രായപ്പെട്ടു. കരട് അന്തിമ അറിയിപ്പല്ല, എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും  അദ്ദേഹം പറഞ്ഞു.   


മാ൪ച്ച് 22നാണ്  പരിസ്ഥിതി ആഘാത അവലോകനത്തിന്‍റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.