ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (Environment Impact Assessment 2020, EIA2020) വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍.
Environment Impact Assessment 2020 കരട് അന്തിമ അറിയിപ്പല്ല, എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരടിനെതിരെ ആയിരക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം പരിഗണിച്ച ശേഷമായിരിക്കും കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ജനങ്ങള്‍ക്ക് വരെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
"നിയമപ്രകാരം പരാതിപ്പെടാന്‍ 60 ദിവസം മാത്രമേ നല്‍കാവൂ, എന്നാല്‍ കോവിഡ് കാരണം ഞങ്ങളിത് 150 ദിവസം വരെ നീട്ടി. ആയിരക്കണക്കിന് ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ അയച്ചിട്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് അമിത വ്യഗ്രതയാണ്. അതുകൊണ്ടു തന്നെ അവര്‍ പ്രതിഷേധിക്കുന്നു. കരടിന്‍റെ പേരിലുള്ള എടുത്തചാട്ടം ന്യായമല്ല. ഇതിപ്പോള്‍ ഒരു കരട് മാത്രമാണ്. വിവിധ കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ അംഗീകരിക്കും. തുടര്‍ന്ന് ഇത് അന്തിമമാക്കും," ജാവഡേക്കര്‍ പറഞ്ഞു.
2016ലെ വിജ്ഞാപനം റദ്ദാക്കിയുള്ള പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന. കരടിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയരുകയാണ്.
2006-ലെ വ്യവസ്ഥകള്‍ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം പ്രതിപക്ഷവും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നാളെയോടെ കരട് വിജ്ഞാപനത്തില്‍ അഭിപ്രായം അറിയിക്കാന്‍ പൊതുജനത്തിനുള്ള സമയം അവസാനിക്കും.