മലപ്പുറം: മുത്തലാഖ് ബില്‍ ലോക്സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്ലീംലീഗ് എംപിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ ആദ്യ പ്രതികരണവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് സംസാരിച്ചിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ച ശേഷം മുസ്ലിം ലീഗ് ഗവേര്‍ണിംഗ് ബോഡി യോഗം ചേർന്ന് തുടർകാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. കൂടാതെ, യുപിഎ കക്ഷികളുമായും മറ്റ് കക്ഷികളുമായും സഹരണമുണ്ടാക്കാന്‍ വേണ്ടത് ചെയ്യണമെന്നും മുസ്ലിം ലീഗ് എം.പിമാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ബില്ല് പാസാകില്ലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കിൽ ആക്ഷേപങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് ഒരു സുഹൃത്തിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതുള്ളത്കൊണ്ടാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സഭയില്‍ എത്താത്തത് ചന്ദ്രികയുടെ ഗവേര്‍ണിംഗ് ബോഡിയിൽ പങ്കെടുക്കാനായിരുന്നെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി പിന്നീട് വിശദീകരിച്ചിരുന്നു. കൂടാതെ, വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നുണ്ട്. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.


ലോക്‌സഭയില്‍ മുത്തലാഖ് ബില്ലില്‍ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സഭയില്‍ ഇല്ലാതിരുന്നത് വന്‍ വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ്. കൂടാതെ, കുഞ്ഞാലിക്കുട്ടി സഭയില്‍ ഹാജരാകാതിരുന്നത് കടുത്ത സമുദായ വഞ്ചനയെന്ന് ഐ.എൻ.എൽ ആരോപിക്കുകയും ചെയ്തിരുന്നു. ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നു എന്നാണ് മുസ്ലിം ലീഗ് ചൂണ്ടികാട്ടുന്നത്.


സ്വന്തം മകളുടെ കല്യാണത്തിന്‍റെ തലേ ദിവസമായിട്ടും അസദുദ്ദീന്‍ ഒവൈസി എല്ലാ തിരക്കുകളും മാറ്റി വച്ച് പാര്‍ലമെന്‍റിലെത്തി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മുസ്ലീം സമുദായത്തിലെ വിഷയമായിട്ടും മുസ്ലീം ലീഗിന്‍റെ ഒരേ ഒരു എംപിയായ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.