പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന നിലപാടാണ്‌ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് സന്നാഹത്തിന്‍റെ സഹായത്തോടെയാണ് യുവതികള്‍ മല കയറിയിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് ഐ.ജി ശ്രീജിത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. പൊലീസ് ആക്ഷന്‍ സെക്ഷന്‍ 43 ഐ.ജി ശ്രീജിത്തിന് അറിയില്ലെന്നാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. 


സെക്ഷന്‍ 43 അനുസരിച്ച് പൊലീസിന്‍റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല. പൊലീസിന്‍റെ വേഷവും ഷീല്‍ഡും ശബരിമലയുടെ ആചാരലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ട യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ നിയമ ലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞു. 


ഈ യുവതികള്‍ക്ക് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് വേഷം നല്‍കിയത്? ഇവര്‍ക്ക് ഇത് ആരാണ് കൈമാറിയത്.?ഏത് വകുപ്പിന്‍റെ  അടിസ്ഥാനത്തിലാണ് ഐ.ജി ശ്രീജിത്ത് ഇത് നല്‍കിയത്? വേഷം മാത്രമല്ല ഷീല്‍ഡും ഹെല്‍മറ്റും ആരാണ് കൊടുത്തത്? ഇവര്‍ക്ക് എന്താണ് ഇതിന് അധികാരം? ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. 


കൂടാതെ, കഴിഞ്ഞ ദിവസം കേരള പൊലീസ് അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നത്, ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് സഹായം ചെയ്യുമെന്നാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍, എങ്ങനെയെങ്കിലും റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുന്നതിന് മുന്‍പ് സന്നിധാനത്ത് സ്ത്രീകളെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. 


സര്‍ക്കാര്‍ എഴുതിയ തിരക്കഥയാണ് ഇത്. മനപൂര്‍വം സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കുന്നു. ശക്തമായ തിരിച്ചടിയുണ്ടാകും. നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകുമേനന്‍ താക്കീതും അദ്ദേഹം നല്‍കി. 


യുവതികളുടെ പശ്ചാത്തലം അന്വേഷിക്കേണ്ടിയിരുന്നു എന്ന് മന്ത്രി പറയുന്നു. എന്തുകൊണ്ട് ഇവര്‍ രഹ്ന ഫാത്തിമയുടെ പശ്ചാത്തലം അന്വേഷിച്ചില്ല. ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ? ഇക്കാലം വരെ മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ തര്‍ക്കങ്ങളില്‍ മത വിശ്വാസികളല്ലാത്തവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ടോ? ഹിന്ദുക്കളും ശബരിമലയും അന്യമതസ്ഥര്‍ക്ക് കയറിയിരുന്ന് കൊട്ടാനുള്ള ചെണ്ടയല്ല എന്നും അദ്ദേഹം പറഞ്ഞു. 


ആ മതത്തിലുള്ളവര്‍ ഇവരെ തിരുത്താന്‍ തയ്യാറാകണം. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകും. ഏത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ മലകയറിയത്. സര്‍ക്കാരിന്‍റെത് മ്ലേച്ഛമായ നിലപാടാണ്. വിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.