കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള പ്രതികൾക്കും മുൻകൂർജാമ്യം. പ്രതികളെ ജയിലിൽ അടക്കേണ്ട കാര്യമില്ലെന്നും കോടതി ഉത്തരവിട്ടു. നാലു അഞ്ചും പ്രതികളായ പ്രവീൺ, ദിപിൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിഷ്ണു കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കോടതി നിരീക്ഷിച്ചു. ജിഷ്ണുവിന്‍റെ ആത്മഹത്യാ കുറിപ്പില്‍ കോളജ് മാനേജ്‌മെന്റിനെതിരെ പരാമര്‍ശമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഏബ്രഹാം മാത്യുവിന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 


പ്രതികൾക്കെതിരായ പ്രേരണാ കുറ്റം നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർക്കെതിരായ മൊഴികൾ പരസ്പര വിരുദ്ധമാണ്. ഒന്നാം സെമസ്റ്റർ വിദ്യാർഥിയായ ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാലാം സെമസ്റ്റർ  വിദ്യാർഥിയാണ് മൊഴി നൽകിയത്. ജിഷ്ണുവിന്‍റെ സഹപാഠികളാരും മൊഴി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 


വൈസ് പ്രിൻസിപ്പൽ എൻ.ശക്തിവേൽ, നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷണദാസ്, സഞ്ജിത് വിശ്വനാഥ് എന്നിവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി ആരെയും കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടെന്നും കോടതി വ്യക്തമാക്കി.